2010, ഫെബ്രു 26
സ്വത്തിലെ കൂട്ടുടമസ്ഥത സമത്വത്തിലേക്കുള്ള വഴി
മുഴുവന്‍ പേരുടെയും പുരോഗതിക്ക് തുല്യാവകാശവും തുല്യാവസരവും എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ സാര്‍വ്വദേശിയ വനിതാദിനത്തിനുള്ളത്. പക്ഷേ വനിതാദിനാചരണത്തിന്റെ ശതാബ്ദി വര്‍ഷമായിട്ടും ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഭൂമിയിലും സ്വത്തിലുമുള്ള അവകാശവും ഉപയോഗവും നിയന്ത്രണവും ഉടമസ്ഥതയും ഒക്കെ സ്വപ്നം മാത്രമായി തുടരുന്നു. മറുവശത്ത് പുരുഷകേസരികള്‍ 'ജന്മസിദ്ധവും ദൈവദത്തവുമായ' തങ്ങളുടെ സ്വത്തവകാശം അഭംഗുരം നിലനിര്‍ത്തുന്നു. 'വിവാഹാനന്തര സ്വത്തില്‍ പുരുഷനൊപ്പം സ്ത്രീക്കും തുല്യാവകാശം' എന്ന ആശയം പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരായ സമരവും സമത്വത്തിലേക്കുള്ള വഴിയിലെ ചെറുതല്ലാത്ത കാല്വെയ്പ്പുമാണ്.
ആദ്യകാല വര്‍ഗ്ഗ-പൂര്‍വ്വ ഘട്ടത്തില്‍ ലളിതമായ ഉപകരണങ്ങളും ജീവനോപാധികളും മാത്രമാണ് മനുഷ്യന് സ്വന്തമായി ഉണ്ടായിരുന്നത്. ഈ സ്വത്തുക്കളില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉണ്ടായിരുന്നുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ക്രമേണ കാലിവളര്‍ത്തലും കൃഷിയും ആരംഭിച്ചതോടെ, ഭക്ഷണം തേടി അലയുന്ന സ്വഭാവം മനുഷ്യന് ഉപേക്ഷിക്കുകയും സമ്പത്ത് വര്‍ദ്ധമാനമായ തോതില്‍ ഉണ്ടാകുവാനും തുടങ്ങി. ഇങ്ങനെ കാലിവളര്‍ത്തലിന്റെ ഭാഗമായി കാലികളെ മേയ്ക്കുവാനായി പുരുഷന് വീടിനു പുറത്തുപോകേണ്ടിവരുകയും പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടിവരുകയും ഉണ്ടായി. വീട്ടിലിരുന്ന സ്ത്രീകള്‍പോലും മണ്‍പാത്ര നിര്‍മ്മാണം തുണിനെയ്ത്ത് തുടങ്ങിയ ജോലികളില്‍ തങ്ങളുടെ സഹജമായ അദ്ധ്വാന വാസന ഉപയോഗപ്പെടുത്തി. ഇത് പക്ഷേ, പുതിയൊരു അദ്ധ്വാന വിഭജനം സൃഷ്ടിക്കുകയും ക്രമേണ പുരുഷന് സ്ത്രീയുടെ മേല്‍ സാമ്പത്തികവും സാമൂഹ്യവുമായ മേധാവിത്വം നല്കുന്നതിലേക്ക് വഴിവെയ്ക്കുകയും ചെയ്തു. വീടിന് വെളിയില്‍ പുതിയ ഉത്പാദനോപകരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അവയുടെയൊക്കെ ഉടമസ്ഥത പുരുഷനിലേക്ക് വന്നുചേരുവാന്‍ തുടങ്ങി. ഇതോടെ വീട്ടിനുള്ളില്‍ സ്ത്രീകള്‍ ചെയ്തുവന്ന അദ്ധ്വാനത്തിന്റെ സാമൂഹ്യ സ്വഭാവം നഷ്ടപ്പെട്ടു. സ്ത്രീ-പുരുഷ ബന്ധത്തില്‍ മൗലികമായ മാറ്റത്തിനും ഇത് കാരണമായി. ഇങ്ങനെ, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ അതിന്റെ പിന്തുടര്ച്ച ഉപ്പാക്കുക പുരുഷന്റെ പ്രശ്നമായി മാറിയതും ഏക ഭര്‍തൃകുടുംബം എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതും എംഗത്സ് തന്റെ വിഖ്യാതമായ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ഇവയുടെ ഉത്ഭവം' എന്ന കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്.
സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വ്യവസ്ഥിതികളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍, വര്‍ഗ്ഗപരമായ അടിച്ചമര്‍ത്തലിനൊപ്പം ലിംഗപരമായ അടിച്ചമര്‍ത്തലും ശക്തമായി നിലനിന്നു പോന്നു. നാടുവാഴിത്തത്തിലെ കൂട്ടുകുടുംബം മുതലാളിത്വത്തിലെ അണുകുടുംബമായി മാറിയെങ്കിലും സ്വത്തവകാശം ആത്യന്തികമായി പുരുഷന്മാരുടെ കൈവശം തന്നെ തുടര്‍ന്നു. 1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശനിയമവും 1925-ലെ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശനിയമവും സ്ത്രീക്ക് കുടുംബസ്വത്തിലുള്ള അവകാശം അംഗീകരിച്ചുവെങ്കിലും ഫലത്തില്‍ പരിമിതമായ ആ അവകാശം പോലും പലപ്പോഴും അവള്‍ക്ക് നിഷേധിക്കപ്പെടുന്നതായി കാണാം. നിയമത്തിന്റെ സമ്മര്‍ദ്ദം മൂലം കുടുംബസ്വത്തില്‍ അംഗീകരിക്കുന്ന, പലപ്പോഴും നിഷേധിക്കപ്പെടുന്ന ഈ അവകാശം ആര്‍ജ്ജിത സ്വത്തിലും സ്ത്രീയുടെ അദ്ധ്വാനഫലമായുണ്ടാകുന്ന സ്വത്തിലും വിവാഹാനന്തര സ്വത്തിലും നല്കുവാന് നമ്മുടെ സമൂഹം തയ്യാറല്ലായെന്നത് ഇനിയും വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാത്ത വലിയൊരു വിവേചനമാണ്. മുതലാളിത്ത സമൂഹത്തില്‍ സ്ത്രീകള്‍ സ്വതന്ത്രകളാണെന്ന് വാദിക്കുന്നവര്‍പോലും ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയും അവകാശവും അവളുമായി പങ്കുവെയ്ക്കുവാന്‍ തയ്യാറല്ല എന്ന് ചുരുക്കം.
കേവലം രാഷ്ട്രീയമോ സാമൂഹ്യമോ ആയ അധികാരങ്ങള്‍ പങ്കുവെച്ചാല്പ്പോലും സമൂഹത്തിലെ നിര്‍ണ്ണായക സ്വാധീന ശക്തിയായ സ്വത്തുടമസ്ഥത സ്ത്രീയുമായി കൈമാറാനും പങ്കുവെയ്ക്കുവാനും പുരുഷന് തയ്യാറാകാത്തിടത്തോളം മുതലാളിത്ത സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയുള്ള യത്നം അധരവ്യായാമമായി നിലനില്ക്കുമെന്നതിന് സംശയം വേണ്ട.
പുരുഷന് ഭൂമിയിലേയും സ്വത്തിലേയും അവകാശം ജന്മസിദ്ധമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറാകുന്ന മത-സാമൂഹ്യ നേതൃത്വം, സ്ത്രീക്ക് പക്ഷേ ആ അവകാശം നല്കുവാന് തയ്യാറല്ല. നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായും നിയമനിര്‍മ്മാണങ്ങളിലൂടെയും പരിമിതമായ ചില അവകാശങ്ങള്‍ സ്വത്തില്‍ സ്ത്രീക്ക് അനുവദിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്നതായിട്ടാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഹിന്ദു പിന്തുടര്ച്ചാവകാശനിയമത്തിന്റെയും മേരി റോയി കേസിനെ തുടര്‍ന്നുള്ള കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെയും ഫലപ്രാപ്തി പരിശോധിച്ചാല്‍ അവ ബോധ്യപ്പെടുന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടാത്തതാണ് അത്തരം പരാജയങ്ങള്‍ക്ക് കാരണമെങ്കില്‍ വിവാഹാനന്തര സ്വത്തിലും സ്ത്രീകള്‍ സ്വന്തമായി ആര്‍ജ്ജിക്കുന്ന സ്വത്തിലും അവള്‍ക്കുള്ള അവകാശം ഇനിയും സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയോ അനുവദിക്കപ്പെടുകയോ ചെയ്തിട്ടില്ല.
സ്വത്തും സമ്പത്തിന്മേലുള്ള അധികാരവും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായി കണക്കാക്കപ്പെടുമ്പോള്‍, ഇവയില്‍ അവകാശാധികരങ്ങളില്ലാത്ത സ്ത്രീ കൂടുതല്‍ ചൂഷണത്തിന് വിധേയമാവുക സ്വാഭാവികമാണ്. ഭൂമിയുമായി ഏറെ അടുത്ത് ബന്ധപ്പെടുന്നവളാണ് സ്ത്രീ. കൃഷിയിലും, കൃഷിപ്പണിയിലും, ഭൂസംരക്ഷണത്തിലും, ഭക്ഷ്യ വിളപരിപാലനത്തിലും, സംസ്കരണത്തിലും ഒക്കെ സുപ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീയാണ്. ഇന്ത്യയിലെ കാര്‍ഷിക തൊഴില്‍ ശക്തിയുടെ 70 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ ആ ഭൂമിയുടെ സ്വതന്ത്രമായ ഉപയോഗാധികരമോ, ഉടമസ്ഥാവകാമോ അവള്‍ക്കില്ല. ഭൂമിയിതര സമ്പത്തിലെ - സ്ഥാവര ജംഗമ വസ്തുക്കളുടെ - ഉടമസ്ഥതയിലും ഈ സ്ഥിതി വ്യത്യസ്തമല്ല. കുടുംബത്തില്‍ ഇവയെല്ലാം കൈമാറ്റം ചെയ്യപ്പെടുന്നത്, വാങ്ങിക്കപ്പെടുന്നത്, ചുമതലപ്പെടുത്തപ്പെടുന്നത്, ഉടമസ്ഥപ്പെടുത്തപ്പെടുന്നത് പുരുഷന്റെ പേരില്‍ മാത്രം.
പുരുഷന് തോന്നുമ്പോഴെല്ലാം ആരുടെയും ആനുവാദമില്ലാതെ തനിച്ച് ഈ സ്വത്തുക്കള്‍ വില്‍ക്കാം മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യാം, പണയപ്പെടുത്താം, അവയുടെ ജാമ്യത്തില്‍ മറ്റ് ആസ്തികളും വരുമാനവും സമ്പാദിക്കാം, സംരംഭങ്ങള്‍ പടുത്തുയര്‍ത്താം. ഭാര്യയും അമ്മയും സഹോദരിയും മകളുമായ സ്ത്രീ, പുരുഷന്റെ ഭൂമിയില്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന കുടികിടപ്പുകാരിയായി തുടരുന്നു. സമൂഹത്തിലെ കുടുംബഭാരം പേറുന്ന സ്ത്രീയുടെ അവസ്ഥപോലും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല എന്നുകാണാം. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണമായി സ്വത്തിലുള്ള അവകാശ നിഷേധം പ്രവര്‍ത്തിക്കുന്നു.
ഒരു കുടുംബാംഗത്തിന്റെ അവകാശത്തിലുപരി, തന്റെ അദ്ധ്വാനത്തിന്റെ പങ്ക് എന്ന രൂപത്തിലും സ്ത്രീക്ക് സ്വത്തില്‍ അവകാശമുണ്ട്, അര്‍ഹതയുണ്ട്. സ്ത്രീയുടെ കാണാപ്പണിയെകുറിച്ചുള്ള ചര്‍ച്ചകള്‍ ധാരാളമാണ്. ഈ കാണാപ്പണിയും സ്വത്ത് സമ്പാദനവും തമ്മിലുള്ള ബന്ധവും തിരിച്ചറിയേണ്ടതുണ്ട്. ഒരു പാചകക്കാരിയുടെ, തൂപ്പുകാരിയുടെ, അലക്കുകാരിയുടെ, ആയയുടെ, കൂട്ടിരിപ്പുകാരിയുടെ, കാവല്ക്കാരിയുടെ - അങ്ങനെ നിരവധി റോളുകള്‍ ഒരു കുടുംബത്തില്‍ ഏകയായി നയിക്കുന്നവളാണ് സ്ത്രീ. ഇവയ്ക്കോരോന്നിനും പ്രത്യേകം, പ്രത്യേകം ആളെ ശമ്പളത്തിന് വെയ്ക്കേണ്ടിവരുമായിരുന്നെങ്കില് പുരുഷന് അവന്റെ ഒരു വരുമാനവും മതിയാകാതെ വരുകയും ഇക്കണ്ട സ്വത്തൊക്കെ കുടുംബങ്ങളില്‍ ആര്‍ജ്ജിക്കാന്‍ കഴിയാതെവരുകയും ചെയ്യുമായിരുന്നു. പുതിയ, പുതിയ നിക്ഷേ്പങ്ങള്ക്കും സ്വത്ത് സമ്പാദനത്തിനും പരുഷനെ പ്രാപ്തനാക്കുന്നതില് വലിയൊരു പങ്ക്, സ്ത്രീയുടെ ഇത്തരത്തിലുള്ള യാതൊരു മൂല്യവും പ്രതിഫലമില്ലാത്ത കാണാപ്പണിക്കാണ്. ആഴത്തില്‍ പരിശോധിച്ചാല്‍ പുരുഷന് ആര്‍ജ്ജിക്കുന്ന സ്വത്തിന് പുറമേ, പാരമ്പര്യ സ്വത്തില്‍ അവന് ലഭിക്കുന്ന അവകാശത്തിനുപിന്നിലും സ്ത്രീയുടെ ഇത്തരത്തിലുള്ള സഹനങ്ങളുടെ കഥയുണ്ടന്നുകാണാം. ഒട്ടുമിക്ക വീടുകളിലും ഈ കാണാപ്പണിയുടെ മൂല്യത്തിനുപുറമേ, സ്ത്രീയുടെ സ്വന്തം തൊഴിലില്‍ നിന്നുള്ള വരുമാനവും പുരുഷന്റെ സ്വത്തുസമ്പാദന നിക്ഷേപത്തിലെ പ്രധാന ഭാഗമാകുന്നുണ്ട്. കൂടാതെ ഭര്‍തൃഗൃഹത്തില്‍ വീടുവെയ്ക്കുന്നതിന്റെയും സ്ഥലം വാങ്ങുന്നതിന്റെയും മറ്റ് സ്ഥാവര - ജംഗമ വസ്തുക്കള്‍ സമ്പാദിക്കുന്നതിന്റെയും നിക്ഷേപമായി വര്‍ത്തിക്കുന്നത് പലപ്പോഴും അവള്‍ക്ക് സ്ത്രീധനമായി ലഭിക്കുന്ന സ്വര്‍ണ്ണവും പണവും ഒക്കെയാണ്. വിവാഹാന്തരം കുടുംബം ആര്‍ജ്ജിക്കുന്ന സ്വത്തില്‍ സ്ത്രീയുടെ വിയര്‍പ്പും പങ്കും ഉണ്ടെന്ന് ചുരുക്കം. 'ഏതുപുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവും' എന്ന് ചൊല്ലി നടക്കുന്നവര്‍ അവള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കുന്നതിന് തയ്യാറല്ലായെന്നും സാരം.
ഇങ്ങനെ ജീവിതത്തിലെ മറ്റുപലമേഖലകളിലെയും പോലെ വരുമാനോത്പാദനത്തിലും തുല്യമായ പങ്കാളിത്തം സ്ത്രീക്കുണ്ടെങ്കിലും അവളുണ്ടാക്കുന്ന വരുമാനം കവര്‍ന്നെടുത്ത്, അതുപയോഗിച്ച് സമ്പത്തുണ്ടാക്കി ആ സ്വത്തുക്കളുടെ ബലത്തില്‍ അവളെ ചൂഷണം ചെയ്യുന്നരീതിയാണ് നിലനില്‍ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ വിവാഹമോചനമോ മറ്റെന്തെങ്കിലും കുടുംബച്ഛിദ്രങ്ങളോ നിമിത്തം ഭര്‍തൃഗൃഹം ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീക്ക് മാതൃ (പിതൃ) ഗൃഹത്തില്‍ അഭയമില്ലെങ്കില് പെരുവഴിയോ തൂക്കുകയറോ മാത്രം ശരണാമായുള്ള അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശിഥിലമായി കൊണ്ടിരിക്കുന്ന കേരള സമൂഹത്തിലെ സ്ത്രീ, വളരെ വലിയ സങ്കീര്‍ണ്ണതയാണ് ഈ കാര്യത്തില്‍ നേരിടുന്നത്. 2008 - ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം സ്ത്രീക്ക് താന്‍ പങ്കുപാര്ത്തിരുന്ന വീട്ടില്‍ താമസിക്കുന്നതിനുള്ള അവകാശം ലഭിച്ചത്, സ്ത്രീ പദവി സംരക്ഷണത്തിലെ ഒരു നാഴികകല്ലാണ്. എന്നാല്‍ ഇത്തരത്തിലുള്ള റെസിഡന്‍സ് ഒര്‍ഡര്‍ ലഭിക്കുന്ന സ്ത്രീയുടെ അവസ്ഥ, ഒഴിപ്പിക്കല്‍ ഭീഷണിക്ക് താല്‍ക്കാലിക സ്റ്റേ വാങ്ങിയിരിക്കുന്ന ഒരു കുടികിടപ്പുകാരന്റെ അവസ്ഥയില്‍ നിന്നും ഒട്ടും ഭേദവുമല്ല. ഈ വകുപ്പ് സ്വത്തിന്റെ ഉടമസ്ഥതയോ, തന്റേതായ അംശം ഭാഗിച്ചുകിട്ടുന്നതിനോ അവള്‍ക്ക് അവകാശം നല്‍കുന്നില്ല. ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ നിര്‍വ്വാഹമില്ലാതെ വേര്പെട്ടുതാമസിക്കാന് തയ്യാറാകുന്ന സ്ത്രീക്ക് തന്റെ ജീവിതകാല സമ്പാദ്യം മുഴുവന്‍ അയാള്‍ക്ക് നല്കി പോരേണ്ടിവരുന്ന അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷനും സംസ്ഥാന സര്‍ക്കാരിന്റെ വനിതാനയവുമൊക്കെ വിവാഹാനന്തര സ്വത്തില്‍ സ്ത്രീക്ക് അവകാശം നല്‍കണമെന്ന് നിര്ദ്ദേശമുയര്ത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. ഇതിനായി കൂടുതല്‍ പങ്ക് വഹിക്കേണ്ട കേന്ദ്രഗവണ്മെന്റിന് മുന്നില്‍, ഈ വിഷയം ശക്തമായി ഉയര്‍ത്തുവാന്‍ ഇവിടുത്തെ ജന്‍ഡര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഇതിനാവശ്യമായ ബഹുജന സമ്മര്‍ദ്ദമോ, സമ്മതിയോ ഇനിയും ഉയര്‍ന്നുവന്നിട്ടുമില്ല. വിവാഹാനന്തര സ്വത്തിലെ കൂട്ടുടമസ്ഥത ഒരു ഔദാര്യമല്ല, അവകാശമാണ് എന്ന് സ്ത്രീകളും തിരിച്ചറിയേണ്ടതുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്

- NEETHIVISESHAM
- Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ