വികസന ചര്‍ച്ചകളില്‍ സുസ്ഥിരവും ജനപക്ഷവും പുരോഗമനപരവുമായ കാഴ്ചപ്പാടിന് കേരളസമൂഹത്തില്‍ സ്വീകാര്യത കുറയുകയും പകരം ജനമനസ്സുകള്‍ മുതലാളിത്ത വികസന കാഴച്പ്പാടിനനുസൃതമായി പരുവപ്പെടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിലാണ് ആഡംബര ഹൈവേകളും ഐ.ടി പാര്‍ക്കുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും റിസോര്‍ട്ടുകളും കേരള വികസനത്തിന്റെ മുഖമുദ്രയായി വാഴ്ത്തപ്പെടുന്നത്.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ കേരളത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മദ്ധ്യവര്‍ഗ്ഗ വ്യാമോഹങ്ങളെ നിഷ്കൃഷ്ടമായി പരിശോധിക്കുവാനും വിമര്‍ശിക്കുവാനും തിരുത്തുവാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്് കഴിയാത്തതാണ് ഈ തെറ്റായ വികസന കാഴ്ചപ്പാട് ജനമനസ്സുകളെ കീഴടക്കുന്നതിന് കാരണമായിരിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ രംഗത്തെ വിഭാഗീയതയുടെ വിഴുപ്പലക്കലിലും സഖാക്കള്‍ക്കെതിരായ മാദ്ധ്യമ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനും തങ്ങളുടെ സമയവും ഊര്‍ജ്ജവും ചെലവിടേണ്ടിവരുന്നതിനാല് ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാടുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലപ്രദമായി ഉയര്‍ത്തുവാനോ, നിലപാടുകളെ ശക്തിയുക്തം അവതരിപ്പിച്ച് ജനത്തെ കൂടെ നിറുത്തുവാനോ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്ക് കഴിയുന്നുമില്ല.
വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുവികസിക്കേണ്ടേ, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടേ, ഐ.ടി മേഖലയില്‍ സാദ്ധ്യത കിട്ടാന്‍ ഐ.ടി പാര്‍ക്കുകള്‍ ഉണ്ടാകേണ്ടേ, കാര്‍ഷിക മേഖല തളരുമ്പോള്‍ വ്യവസായത്തിനായി സ്ഥലമെടുക്കുന്നതില്‍ എന്താ തെറ്റ്, നിര്‍മ്മാണ മേഖലയില്‍ വളര്ച്ചയുണ്ടായാലല്ലേ തൊഴിലവസരം കൂടൂ, നമ്മുടെ തരിശുനിലങ്ങളുടെ വിലവര്ദ്ധിക്കൂ, വിമാനത്താവളം വന്നാലെന്താ പ്രദേശം വികസിക്കുമല്ലോ..... എന്നിങ്ങനെയുള്ള വാദങ്ങള്‍ കേരളത്തിലെ സാധാരണക്കാരൂം പട്ടിണിപ്പാവങ്ങളുംവരെ ഉയര്‍ത്തുക പതിവായിരിക്കുന്നു.
ഇത്തരം മദ്ധ്യവര്‍ഗ്ഗ ആശയങ്ങള്‍ തങ്ങളുടെ സ്വന്തം അഭിപ്രായമെന്ന് കരുതി ഓമനിക്കുന്ന സാധാരണക്കാരെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. അടിസ്ഥാനപരമായി, തനിക്ക്, ഇന്നോ, നാളെയോ പ്രയോജനം ചെയ്യുന്നതല്ല ഈ വികസന സ്വപ്നമെന്നത് അവരെ പറഞ്ഞുമനസ്സിലാക്കുവാന്‍ യാതൊരുശ്രമവും ആരുടെ ഭാഗത്തുനിന്നും ഇവിടെ നടക്കുന്നില്ല. മുഖ്യധാരാ ഇടുതുപക്ഷം ആക്രമണത്തിന്റെയും കീഴടക്കലിന്റെയും വ്യാപനത്തിന്റെയും പാതയില്‍ നിന്ന് പ്രതിരോധത്തിന്റെ, കീഴടങ്ങലിന്റെ പാതയിലേക്കുള്വലിഞ്ഞിരിക്കുന്നു. വിഭാഗീയതയുടെ നിറമില്ലാതെ, വിമര്‍ശന സ്വയംവിമര്‍ശനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതരത്തില്‍ സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്തും ചോര്‍ന്നു പോയിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയത്തില്‍ ഇത്തരം നിലപാടുകള്‍ക്കെതിരായി നിലകൊള്ളുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഗാന്ധിയന്ധാര അപ്രത്യക്ഷമായതിനാല്‍ അവിടെയും പ്രതീക്ഷയ്ക്ക് വകയില്ല. മാദ്ധ്യമങ്ങളില്‍ സായിനാഥിനെ അനുകരിക്കുന്നവരായിപ്പോലും ആരുമില്ലാത്തതിനാല്‍ അവരും അറിഞ്ഞും അറിയാതെയും സാധാരണക്കാരെ വഴിതെറ്റിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു.
മുതലാളിത്തം സാമ്പത്തിക കുഴപ്പത്തിലായെന്നത് വലിയൊരു വാര്‍ത്തയായെങ്കിലും ഉത്തേജക പാക്കേജുകളുടെ ആവശ്യകതയെ കുറിച്ച് വേവലാതിപ്പെട്ടതല്ലാതെ സോഷ്യലിസത്തിന്റെ പ്രസക്തിയെപ്പറ്റി സമൂഹത്തില്‍ ഒരു ചര്‍ച്ചയും നയിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മദ്ധ്യവര്‍ഗ്ഗവും മാദ്ധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച മായികവലയത്തില്‍പ്പെട്ട, ജീവിത ലക്ഷ്യങ്ങളുമായി പരക്കം പായുന്ന, സമൂഹത്തിലെ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട യുവത്വത്തിന്റെ കഥയും വ്യത്യസ്തമല്ല.
കേരളത്തിലെ ഉയര്‍ന്ന ഇടത്തരക്കാരായ 10 ശതമാനം പേര് സമ്പത്തിന്റെ 42 ശതമാനത്തിലധികം കയ്യാളുന്നവരാണെന്നും ഭൂപരിഷ്കരണം വഴി പാവപ്പെട്ടവന് ലഭിച്ച ഭൂമിപോലും ഇത്തരക്കാരും മാഫിയകളും ചേര്‍ന്ന് സൃഷ്ടിച്ച അവിശുദ്ധ കൂട്ടുകെട്ട് കയ്യടക്കിക്കൊണ്ടിരിക്കുയാണെന്നും നിരവധി പോരാട്ടങ്ങളിലൂടെ വികേന്ദ്രീകരിക്കപ്പെട്ട ഭൂമി ഇന്ന് ഏതാനും പേരുടെ കരങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും ഉറക്കെപ്പറയാന്‍ കേരളത്തില്‍ അധികം പേര് ഇല്ലാതായിരിക്കുന്നു. ഇന്ന് 'വാഹനമില്ലാത്തവര്‍ ആരുണ്ട്്' എന്ന ചോദ്യം ഉന്നയിച്ച്, കാര്യങ്ങളെ ലളിതവല്ക്കരിക്കുന്നവരുടെ മുന്നിലേക്ക്, എന്റെ പഞ്ചായത്ത് വാര്‍ഡിലെ 20 ശതമാനം പേര്‍ക്കുപോലും കാര്വാങ്ങാനുള്ള ശേഷിയില്ലെന്നും ശേഷിക്കുന്ന 80 ശതമാനം പേര്‍ക്കുവേണ്ടിയുള്ള വികസനത്തെക്കുറിച്ച് ഇവിടെ ഒരുചര്‍ച്ചയും നടക്കുന്നില്ലെന്നും ആര്‍ജ്ജവത്തോടെ പറയാന്‍ മലയാളിയെ ഇനിയും പ്രാപ്തനാക്കേണ്ടിയിരിക്കുന്നു.
വികസനകാര്യത്തില്‍ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരേ സ്വരമെന്നത് പാവപ്പെട്ടവന് ഭീഷണിയാണെന്ന് തുറന്ന് കാട്ടേണ്ടിയിരിക്കുന്നു. വികസനത്തിന് രാഷ്ട്രീയമുണ്ടെന്നും അതില്‍ പരമ ദരിദ്രരുടെയും ദരിദ്രരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങള്ക്കനുസരിച്ചുള്ള വികസന ചര്‍ച്ചകളല്ല കേരളത്തില്‍ നടക്കുന്നതെന്നുമുള്ള വസ്തുത തുറന്നുകാട്ടേണ്ടതുണ്ട്.
2010, ജൂൺ 3
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്നെക്കുറിച്ച്

- NEETHIVISESHAM
- Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).